Society Today
Breaking News

കൊച്ചി: കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ഷാജി അപ്പുക്കുട്ടന്റെ 'ഗോസ്റ്റ് ട്രീസ് ദി ജേര്‍ണി ത്രൂ മൈന്‍ഡ്‌സ്‌കേപ്പ്‌സ്' ഏകാംഗ ചിത്രപ്രദര്‍ശനം അക്കാദമിയുടെ പയ്യന്നൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഇന്ന് ആരംഭിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2022-23ലെ സമകാലിക ഏകാംഗസംഘ പ്രദര്‍ശന പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം  ഇന്ന് വൈകുന്നേരം 5 മണിക്ക് എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. കലാചരിത്രകാരന്‍ ബിപിന്‍ ബാലചന്ദ്രനാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യുന്നത്.കേരളത്തിലെ സമകാലീന കലാകാരരില്‍ ശ്രദ്ധേയനായ ഷാജി അപ്പുക്കുട്ടന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്നത്.

തൊണ്ണൂറുകള്‍ മുതല്‍ കേരളത്തിലെ ദൃശ്യകലാരംഗത്ത് സജീവ സാന്നിദ്ധ്യമായ ഷാജി അപ്പുക്കുട്ടന്‍ 1992 ല്‍ കേരള ലളിതകലാ അക്കാദമി അവാര്‍ഡും 2019 ല്‍ പൊള്ളോക്ക്  ക്രാസ്‌നര്‍ അന്താരാഷ്ട്ര പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.പ്രകൃതി ചിത്രീകരണ രീതിയില്‍ സമകാലീന കലാകാരര്‍ നേരിടുന്ന പ്രതിസന്ധിയെ തനതായ മാര്‍ഗ്ഗത്തിലൂടെ മറികടക്കുകയാണ് ഷാജി ഈ ചിത്രങ്ങളില്‍. സാമ്പ്രദായിക ചിഹ്ന വ്യവസ്ഥകള്‍ അര്‍ത്ഥോത്പാദനത്തില്‍ സൃഷ്ടിക്കുന്ന സന്നിഗ്ദ്ധതയും അന്യമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും ചേര്‍ന്ന് രൂപം നല്‍കുന്ന അപരചിതത്വത്തെയും അഭാവത്തെയും അഭിസംബോധന ചെയ്യുന്നതു വഴി ഓരോ കാണിക്കുംപ്രകൃതിയുമായുള്ള വൈയക്തിക ബന്ധത്തെ തിരിച്ചറിയാനും അതേക്കുറിച്ച് വിചിന്തനം ചെയ്യാനുമുള്ള തുറസ്സുകളായിത്തീരുന്നു ഷാജിയുടെ ഓരോ ചിത്രവും എന്ന് ക്യൂറേറ്റര്‍ അഭിപ്രായപ്പെടുന്നു.പ്രദര്‍ശനം ജൂലായ് 29ന് സമാപിക്കും. പ്രദര്‍ശനസമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6.30 വരെയാണ്.
 

Top